സ്ഥലം അളക്കാൻ 2500 രൂപ; താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
|തൃശൂർ താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവേയർ എൻ.രവീന്ദ്രനാണ് പിടിയിലായത്.
തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിലായി. തൃശൂർ താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവേയർ എൻ.രവീന്ദ്രനാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. അയ്യന്തോൾ സ്വദേശി നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി.
പരാതിക്കാരന്റെ വസ്തു കോടതി ഉത്തരവ് പ്രകാരം അളന്നു നൽകുന്നതിനായി അഡ്വ. കമ്മീഷനെ നിയമിച്ചിരുന്നു. ജൂലൈ 21ന് സ്ഥലം അളക്കുന്നതിനായി എത്തിയ രവീന്ദ്രൻ അളവ് പൂർത്തിയാകാത്തതിനാൽ മറ്റൊരു ദിവസം വരാമെന്നു പറഞ്ഞ് ഫീസ് എന്ന വ്യാജന പരാതിക്കാരനിൽനിന്ന് 2500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടർന്ന് സെപ്തംബർ 11ന് വീണ്ടും സ്ഥലം അളക്കുവാൻ വരികയും വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയുമുണ്ടായി.
സർവേയർ ആവശ്യപ്പെട്ട 2500 രൂപ കൈക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യനെ അറിയിക്കുകയും തുടർന്ന് തൃശൂർ വിജിലൻസ് ഓഫീസിലെത്തി പരാതി നൽകുകയുമായിരുന്നു. ഇതോടെ വിജിലൻസ് സംഘം നോട്ടിൽ ഫിനോഫ്തലിൻ പുരട്ടി കെണിയൊരുക്കുകയായിരുന്നു.