ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമത്തില്‍ തമിഴ്നാട് വനം വകുപ്പ്
|മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തു
കൊല്ലം: തമിഴ് നാട്ടിലെ മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ തിരികെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ്. എസ്റ്റേറ്റിൽ നിലയുറപ്പിച്ച ആനയെ വനം വകുപ്പിന്‍റെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. അരിക്കൊമ്പൻ ഇവിടേക്ക് എത്തി എന്നതിനെ ഗൗരവകരമായാണ് വനം വകുപ്പ് കാണുന്നത്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരികൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഒപ്പം ആനക്കൂട്ടവും ഉള്ളതായി വനംവകുപ്പ് കണ്ടെത്തി. പ്രദേശത്തെ സ്കൂളിന് സമീപവും കഴിഞ്ഞ ദിവസം അരികൊമ്പൻ എത്തിയിരുന്നു. സ്കൂളിന് ഇന്നെലെയും ഇന്നും അവധി നൽകി. കഴിഞ്ഞ ദിവസം വാഴക്കൃഷി നശിപ്പിച്ചതും ഒരു വീടിന്‍റെ മേൽക്കൂരയും മരങ്ങളും തകർത്തതും അരിക്കൊമ്പനാണെന്ന സംശയത്തിലാണ് നാട്ടുകാർ. അരിക്കൊമ്പന് മദപ്പാടുണ്ടോ എന്ന സംശയവും വന്നവകുപ്പിനുണ്ട്. ഇത് സ്ഥിരീകരിക്കാൻ വെറ്റിനറി വിദഗ്ധരുടെ സേവനം തേടി.
കേരളത്തിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾ ധാരാളമായെത്തുന മാഞ്ചോലയിൽ ഈ മാസം അവസാനം വരെ സഞ്ചാരികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണിമുത്താർ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുന്നതും നിരോധിച്ചിട്ടുണ്ട്. ആന കേരളത്തിലെക്ക് കടക്കാനുള്ള സാധ്യതയില്ലെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ നിലവിലെ കണക്കുകൂട്ടൽ.