Kerala
ട്രെയിൻ പോവുമ്പോൾ കോൺക്രീറ്റ് ഭാഗം പൊടിയുമെന്ന് കരുതി; റെയിൽവേ പാളത്തിൽ ഇരുമ്പുപാളി വെച്ച തമിഴ്‌നാട്ടുകാരി അറസ്റ്റിൽ
Kerala

ട്രെയിൻ പോവുമ്പോൾ കോൺക്രീറ്റ് ഭാഗം പൊടിയുമെന്ന് കരുതി; റെയിൽവേ പാളത്തിൽ ഇരുമ്പുപാളി വെച്ച തമിഴ്‌നാട്ടുകാരി അറസ്റ്റിൽ

Web Desk
|
31 Aug 2022 10:30 AM GMT

പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്

കാസർകോട്: കോട്ടിക്കുളം റെയിൽവേ പാളത്തിൽ ഇരുമ്പുപാളി വെച്ച സംഭവത്തിൽ തമിഴ്‌നാനാട്ടിൽ നിന്നുള്ള 22-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോൺക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തിൽ വെച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് പൊലീസും ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയിൽവേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസർകോട് എത്തിയിരുന്നു.

കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുപാളി റെയിൽവേ പാളത്തിൽ വെച്ചാൽ ഇതിലൂടെ ട്രെയിൻ കടന്ന് പോവുമ്പോൾ കോൺക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്പുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പൊലീസ് പറയുന്നു. ഇരുമ്പ് ആക്രി വിൽപനയ്ക്കായി കിട്ടുമെന്ന് കരുതിയാണ് കനകവല്ലി ഇത് ചെയ്തതെന്നും മറ്റു ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.

പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അപകട സാധ്യതയെ കുറിച്ചോ മറ്റോ ഇവർക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പാളത്തിൽ ഇരുമ്പു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയിൽ ട്രെയിനിന് നേരെ കല്ലേറും കോട്ടിക്കുളത്ത് ബിയർ ബോട്ടിൽ കൊണ്ടുള്ള ഏറും കുമ്പളയിലും തളങ്കരയിലും പാളത്തിൽ കല്ല് നിരത്തിവെച്ച സംഭവവും നടന്നിരുന്നു. അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Tamil Nadu woman arrested for laying iron plate on railway track

Similar Posts