ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
|ചോദ്യം ചെയ്യുമ്പോൾ അലമുറയിട്ട് കരയുന്ന ഇവർ ഗർഭിണിയാണെന്നും രോഗബാധിതയാണെന്നും അഭിനയിച്ച് അവശത കാണിക്കുന്നതല്ലാതെ യാതൊരു വിവരവും നൽകാറില്ല.
കൊച്ചി: ബസിനുള്ളിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. പള്ളിക്കര- എറണാകുളം റൂട്ടിൽ ഓടുന്ന ബസിൽ മോഷണം നടത്തിയ തമിഴ്നാട് ചെന്നൈ എംഒആർ നഗർ കോളനിയിൽ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പണയ സ്വർണം തിരിച്ചെടുക്കാൻ സ്വരുകൂട്ടിയ 17000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്നു മോഷ്ടിക്കപ്പെട്ടത്.
മറ്റൊരു സ്ത്രീയുടെ ബാഗിൽ നിന്ന് 1000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേർന്ന് കൈയും മുഖവും അനക്കാൻ പറ്റാത്ത വിധത്തിൽ പ്രത്യക രീതിയിൽ ലോക്ക് ചെയ്ത ശേഷമാണ് ഇവർ സിബ് തുറന്ന് മോഷണം നടത്തുന്നത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ബസ് കാക്കനാട് ഐഎംജി ജങ്ഷന് അടുത്ത് നിർത്തുകയായിരുന്നു.
ബസ് നിർത്തിയ ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രിയയെ നാട്ടുകാരും വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീകളും ചേർന്നാണ് പിടികൂടിയത്. പ്രിയയുടെ പക്കൽ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടെ ബാക്കിയുള്ള മോഷ്ടാക്കൾ പണവുമായി കടന്നുകളഞ്ഞു. ചോദ്യം ചെയ്യുമ്പോൾ അലമുറയിട്ട് കരയുന്ന ഇവർ ഗർഭിണിയാണെന്നും രോഗബാധിതയാണെന്നും അഭിനയിച്ച് അവശത കാണിക്കുന്നതല്ലാതെ യാതൊരു വിവരവും നൽകാറില്ല.
ഉത്സവ സ്ഥലങ്ങളിലും ബസുകളിലും സ്വർണവും പണവും മോഷ്ടിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിക്കപ്പെട്ട് ജയിലുകളിൽ കഴിഞ്ഞിട്ടുള്ള ഇവരുടെ പക്കൽ തിരിച്ചറിയൽ രേഖകളോ മോബൈൽ ഫോണോ ഉണ്ടാകാറില്ല. ശരിയായ വിലാസവും പറയാറില്ല. ഓരോ കേസുകളിലും ഓരോ പേരുകളാണ് ഇവർ പറയുന്നത്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബാക്കി പ്രതികൾക്കായി തെരച്ചിൽ നടത്തി വരികയാണ്.