താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി; ഒരു മാസം കഴിഞ്ഞിട്ടും പ്രതികളായ ഡാൻസാഫ് സംഘത്തെ പിടികൂടിയില്ല
|സി.ബി.ഐ അന്വേഷണത്തിൽ തുടർനടപടി എടുക്കാതെ സർക്കാർ
മലപ്പുറം: പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടിട്ട് ഒരു മാസം. ഇതുവരെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണവും അനിശ്ചിതത്വത്തിൽ. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമിർ ജിഫ്രി എന്ന ചെറുപ്പക്കരാൻ കൊല്ലപ്പെട്ടത്. ചേളാരിയിൽ നിന്നും പിടികൂടിയ 12 അംഗ സംഘത്തെ താനൂർ പൊലീസ് സ്റ്റേഷനടുത്ത് ഡാൻസാഫ് സംഘം താമസിക്കുന്ന മുറിയിലെത്തിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എസ്.പിയുടെ സ്ക്വാഡായ ഡാൻ സാഫ് സ്ക്വഡ് ഉദ്യോഗസ്ഥരാണ് താമിറിനെ മർദിച്ചത്. ജിനേഷ് , ആൽബിൻ അഗസ്റ്റിൻ , അഭിമന്യൂ , വിപിൻ എന്നീ ഡാൻ സാഫ് സ്ക്വഡ് അംഗങ്ങൾക്ക് എതിരെ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ എല്ലാ പ്രതികളും ഒളിവിൽ കഴിയുകയാണ്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർക്കാർ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവിയടക്കം ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ സസ്പെൻഷൻ നടപടി പോലും ഉണ്ടായിട്ടില്ല. എസ്.പി പരിശീലനത്തിനായി നാളെ ഹൈദരാബാദിലേക്ക് പോകും.