കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു; ചെറിയ തോതില്‍ ഗ്യാസ് ചോര്‍ച്ച
|ദേശീയ പാതയിൽ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞു.
കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ചെറിയ തോതില്‍ ഗ്യാസ് ചോർച്ചയുണ്ടെന്നാണ് ഫയർഫോഴ്സ് നൽകുന്ന വിവരം. വാല്‍വില്‍ മൂന്നിടങ്ങളിലായി ചോര്‍ച്ചയുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാൽ തീപിടിച്ചിട്ടില്ല. ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്രദേശത്ത് വലിയ തോതിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതയിൽ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്തുള്ള ആളുകളോട് കരുതല്‍ വേണമെന്നും കടകളിൽ നിന്നും മറ്റും ആളുകൾ മാറണമെന്നും കർശന നിർദേശമുണ്ട്.
വളവു തിരിയവെ ലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മംഗലാപുരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ഫയര്‍ഫോഴ്സ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ടാങ്കറിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പ്രവര്‍ത്തിയാണ് നിലവില്‍ തുടരുന്നത്. ചാലയിൽ പാചകവാതക ലോറി മറിഞ്ഞ് നേരത്തെ വലിയ അപകടമുണ്ടായിരുന്നു. ഇവിടെ നിന്നും ഏകദേശം അമ്പത് മീറ്റര്‍ മാറിയാണ് ഇപ്പോള്‍ ടാങ്കര്‍ മറിഞ്ഞിരിക്കുന്നത്.