താനൂർ അപകടം: ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ
|പൊന്നാനിയിൽ നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. പൊന്നാനിയിൽ നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെ കോടതി ഇന്ന് റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി.
നാസറിനെതിരെ പൊലീസ് നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. കേസിൽ രണ്ടിലധികം പേർ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്നലെ കോഴിക്കോട് വെച്ചാണ് ബോട്ടുടമ നാസറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അപകടം നടന്ന ശേഷം ഒളിവിൽ പോയ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് കോഴിക്കോട് വെച്ച് പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കൊലക്കുറ്റം വരുന്ന ഐ.പി.സി 302 അടക്കം ഗുരുതരവകുപ്പുകൾ ചുമത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു.