Kerala
Tanur boat accident, Cabinet meeting orders judicial inquiry, tanur boat accident updates, latest malayalam news
Kerala

താനൂർ ബോട്ടപകടം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രിസഭാ യോഗം

Web Desk
|
10 May 2023 6:13 AM GMT

ഉൾനാടൻ ജലഗതാഗത മേഖലയിലുള്ള യാനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഉന്നതതല യോഗം

മലപ്പുറം: താനൂർ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഉൾനാടൻ ജലഗതാഗത മേഖലയിലുള്ള യാനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി. താനൂര്‍ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. ഇതിനായി സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തുമെന്നും കയറാവുന്ന ആളുകളുടെ എണ്ണം യാനത്തിൻറെ പുറത്ത് പ്രദർശിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കും. റിട്ട.ജസ്റ്റിസ് വി.കെ മോഹനൻ അധ്യക്ഷനായ കമ്മിറ്റി ബോട്ട് അപകടം അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

അതേ സമയം മത്സ്യബന്ധന വഞ്ചി രൂപമാറ്റം വരുത്തിയാണ് ബോട്ടാക്കിയതാണെന്ന് പൊന്നാനിയിലെ യാഡ് നടത്തിപ്പുകാരൻ മുഹമ്മദ് ബഷീർ മീഡിയ വണ്ണിനോട് പറഞ്ഞു. പൊന്നാനി യാഡിലാണ് ബോട്ട് പണിതത്. കാലപഴക്കം കഴിഞ്ഞതിനാൽ പൊളിക്കാൻ കൊണ്ടുവന്ന വഞ്ചി നാസർ വാങ്ങുകയായിരുന്നെന്നും പീന്നിട് രൂപം മാറ്റം വരുത്തുകയായിരുന്നെന്നും ബഷീർ പറഞ്ഞു. തന്റെ കുടുംബത്തിന് സഞ്ചരിക്കാനാണ് ബോട്ട് നിർമ്മിക്കുന്നതെന്നാണ് നാസർ പറഞ്ഞതെന്നും ഡിസംബറിൽ ബോട്ട് പണി തീർത്ത് കൊണ്ടു പോയെന്നും ബഷീർ വ്യക്തമാക്കി

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് അനധികൃത സർവീസ് നടത്തിയതായി റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 20 ദിവസം ബോട്ട് അനധികൃത സർവീസ് നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്.

താനൂർ ബോട്ട് അപകടത്തിൽ ഇന്ന് രാവിലെയോടെ സ്രാങ്ക് അറസ്റ്റിലായിരുന്നു. ബോട്ട് ഓടിച്ച ദിനേശനാണ് താനൂരിൽ നിന്ന് അറസ്റ്റിലായത്. ഇതോടെ ബോട്ട് ഉടമ നാസറുൾപ്പെടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. കോടതി റിമാൻഡ് ചെയ്ത ബോട്ടുടമ നാസറിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും . വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത് . അതിനിടെ നാസറിനെ ഒളിവിൽ പോവാൻ സഹായിച്ച മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

താനൂർ സ്വദേശികളായ മുഹമ്മദ് ഷാഫി ,വാഹിദ് ,സലാം എന്നിവരെ ഇന്നലെ പൊന്നാനിയിൽ വെച്ചാണ് പിടികൂടിയത്.ആദ്യം പിടിയിലായ നാസറിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

Similar Posts