Kerala
ഭാര്യയുടെ കൈ പിടിച്ച് വലിച്ച് ബോട്ടിന് മുകളിലെത്തിച്ചു; ബോട്ടപകടത്തില്‍ രക്ഷപ്പെട്ട ഫൈസല്‍ പറയുന്നു
Kerala

'ഭാര്യയുടെ കൈ പിടിച്ച് വലിച്ച് ബോട്ടിന് മുകളിലെത്തിച്ചു'; ബോട്ടപകടത്തില്‍ രക്ഷപ്പെട്ട ഫൈസല്‍ പറയുന്നു

Web Desk
|
8 May 2023 5:48 AM GMT

''കുറച്ച് പേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് നൽകിയത്''

മലപ്പുറം: യാത്ര തുടങ്ങി 300 മീറ്ററിനുള്ളിൽ അപകടം സംഭവിച്ചു എന്ന് താനൂർ ബോട്ടപകടത്തിൽ നിന്ന് രക്ഷപ്പെട്ട പാലക്കാട് ആറ്റാശേരി സ്വദേശി മുഹമ്മദ് ഫൈസൽ. ബോട്ടിന്റെ ഇടതുഭാഗം താഴ്ന്ന് പോവുകയായിരുന്നു. കുറച്ച് പേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് നൽകിയത് എന്നും ഫൈസൽ മീഡിയവണിനോട് പറഞ്ഞു.

''ഞാൻ ഭാര്യയുടെ കയ്യിൽപിടിച്ച് വലിച്ച് കരയിലേക്ക് നീന്താന്‍ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല എന്ന് കണ്ടപ്പോള്‍ മറിഞ്ഞ് കിടക്കുന്ന ബോട്ടിന് മുകളിലെത്തിച്ചു. പിന്നീട് രക്ഷിക്കാനായി മറ്റു ബോട്ടുകൾ വന്നു. അതിൽ കയറി രക്ഷപ്പെടുകയായിരുന്നു. മറ്റാരേയും രക്ഷിക്കാനായില്ല. നിരവധി കുട്ടികൾ ബോട്ടിലുണ്ടായിരുന്നു. ചിലയാളുകൾക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് നൽകിയത്. ബോട്ടിന്റെ ഇടതുഭാഗം താഴ്ന്ന് പോവുകയായിരുന്നു''- ഫൈസല്‍ പറഞ്ഞു. ഫൈസലിന്‍റെ ഭാര്യ ഫസ്‌ന കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി വരികയാണ്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിയോടെ താനൂരിലെത്തും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Tags :
Similar Posts