'ബോട്ട് നിർമിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ല, മുകൾനില യാത്രക്ക് യോഗ്യമല്ല'; ബോട്ട് സർവെ സർട്ടിഫിക്കറ്റ് പുറത്ത്
|പരമാവധി യാത്ര ചെയ്യാവുന്നത് 22 പേർക്കാണെന്നും ബോട്ട് സർവെ സർട്ടിഫിക്കറ്റ്
താനൂർ: താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ച അറ്റ്‌ലാന്റിക് ബോട്ടിന്റെ സർവെ സർട്ടിഫിക്കറ്റ് മീഡിയവണിന് ലഭിച്ചത്. യാത്ര ചെയ്യാവുന്നത് പരമാവധി 22 പേർക്കാണെന്നും സർവെ റിപ്പോർട്ടിലുണ്ട്. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ബോട്ട് നിർമിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങളാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.അപകടമുണ്ടായ അറ്റ്‌ലാൻഡിക്ക ബോട്ടിന് രജിസ്‌ട്രേഷനില്ല. രജിസ്‌ട്രേഷൻ പൂർത്തിയാക്കും മുൻപാണ് ബോട്ട് യാത്ര നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു. പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.
22 പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്‌ലാൻഡിക്ക ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ബോട്ടപകടത്തിന്റെ പശ്ചത്താലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംഭവസ്ഥലം സന്ദർശിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.