താനൂർ ബോട്ട് ദുരന്തം: മൂന്ന് ജീവനക്കാർ കൂടി അറസ്റ്റിൽ; സ്രാങ്കിന് ബോട്ട് ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നെന്ന് റിമാന്റ് റിപ്പോർട്ട്
|ഉടമയുടെ അറിവോടെയാണ് ബോട്ട് ജീവനക്കാർ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ ബോട്ടിൽ പ്രവേശിപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ
മലപ്പുറം: താനൂർ ബോട്ട് ദുരന്ത കേസിൽ മൂന്ന് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി. ബോട്ട് ജീവനക്കാരായ ശ്യാംകുമാർ എന്ന അപ്പു അനിൽ, ബിലാൽ എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ പൊലീസ് പിടിയിലായ ബോട്ടിന്റെ നിയന്ത്രണമുണ്ടായിരുന്ന സ്രാങ്ക് ദിനേഷിനെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതി റിമാന്റ് ചെയ്തു.
ഉൾക്കൊള്ളാവുന്നതിലധികം പേരെ ബോട്ടിൽ കയറ്റിയെന്നും ബോട്ട് സർവീസിന്റെ മുഴുവൻ ഉത്തരവാദിത്തവും ദിനേശിനായിരുന്നുവെന്നുമാണ് റിമാൻഡ് റിപ്പോർട്ട്. ദിനേശന് ബോട്ട് ഓടിക്കുന്നതിനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അപകടത്തിൽപ്പെട്ട ബോട്ട് ഉടമ നിസാറിനെ കോടതി നേരത്തെ റിമാന്റ് ചെയ്തിരുന്നു. ഉടമയുടെ അറിവോടെയാണ് ബോട്ട് ജീവനക്കാർ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ ബോട്ടിൽ പ്രവേശിപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.