Kerala
താനൂര്‍ കസ്റ്റഡി മരണം: താമിര്‍ ജിഫ്രിയുടെ മരണ കാരണം തലയ്ക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala

താനൂര്‍ കസ്റ്റഡി മരണം: താമിര്‍ ജിഫ്രിയുടെ മരണ കാരണം തലയ്ക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Web Desk
|
8 Aug 2023 11:00 AM GMT

ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളുണ്ട്

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കേറ്റത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. താമിറിന്റെ മരണ കാരണം തലക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ്. ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളുണ്ട്.

താമിർ ജിഫ്രി മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് വീഴ്ച്ചയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആമാശയത്തിൽ നിന്ന് രണ്ട് പ്ലാസ്റ്റിക് കവറുകൾ ലഭിച്ചു. 21 മുറിവുകളിൽ 19 എണ്ണം മർദനത്തെ തുടർന്ന് ഉണ്ടായത്, വടികൊണ്ടുള്ള മർദനത്തിൽ ആന്തരവയവങ്ങൾക്കും പരിക്കേറ്റു.

ബാക്കിപലാങ്ക എന്ന ആയുധം ഉപയോഗിച്ച് മർദ്ദിച്ചിട്ടുണ്ട്. വടികൊണ്ട് അടിച്ച പാടുകളുണ്ട് ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പരിക്കുണ്ട്. പോസ്റ്റ്‌മോർട്ടം ടേബിളിൽ കിടത്തിയപ്പോൾ മൂക്കിൽ നിന്നും രക്തം വന്നു, ഇത് രാസ പരിശോധന ഫലത്തെ ബാധിക്കും.

ഹൃദയത്തിനേറ്റ പരിക്കും, തലയിലേറ്റ ക്ഷതവും, അമിതമായ ലഹരി ശരീരത്തിൽ കലർന്നതുമാണ് മരണ കാരണം. ഹൃദയ സംബന്ധമായ രോഗങ്ങളും താമിറിനുണ്ട്. മർദ്ദനമേറ്റതോടെ ശരീരത്തിന് താങ്ങാൻ പറ്റതായി. അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച വ്യക്തിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Similar Posts