താനൂർ കസ്റ്റഡി കൊലപാതകം; പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി
|പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈയാഴ്ച കോടതി പരിഗണിക്കും
കൊച്ചി: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളുടെ തിരിച്ചറിയിൽ പരേഡ് പൂർത്തിയായി. പ്രതികൾ റിമാൻഡിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽ വച്ചായിരുന്നു തിരിച്ചറിയൽ പരേഡ്. അറസ്റ്റിലായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കായി സി.ബി.ഐ സമർപ്പിച്ച കസ്റ്റഡി അപേക്ഷ എറണാകുളം സി.ജെ.എം കോടതി ഈയാഴ്ച പരിഗണിക്കും.
മലപ്പുറം എസ്പിയുടെ ഡാൻസാഫ് ടീം അംഗങ്ങളായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനേഷ്, സി.പി.ഒ ആൽബിൻ അഗസ്റ്റിൻ, സി.പി. ഒ അഭിമന്യു, സി.പി.ഒ വിപിൻ എന്നിവരെയാണ് സി.ബി.ഐ സംഘം വീടുകളിലെത്തി അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ നാല് പ്രതികളെയും എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ സി.ബി.ഐ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികളുടെ തിരിച്ചറിയൽ പരേഡും പൂർത്തിയാക്കിയത്.
താമിർ ജിഫ്രിയെ പൊലീസുകാർ ക്രൂരമായി മർദിക്കുന്നത് കണ്ടതായി മൊഴി നൽകിയവരെയാണ് തിരിച്ചറിയൽ പരേഡിനായി കാക്കനാട് ജയിലിലേക്ക് എത്തിച്ചത്. തിരിച്ചറിയൽ പരേഡ് പൂർത്തിയായ സാഹചര്യത്തിൽ അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഈയാഴ്ച കോടതി പരിഗണിക്കും. തിരൂരങ്ങാടി സ്വദേശി താമിർ ജാഫ്രി 2023 ആഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് താനൂർ പൊലീസ് കസ്റ്റഡിയിൽ വച്ച് കുഴഞ്ഞുവീണു മരിച്ചത്.
ചേളാരിയിൽ നിന്ന് 12 അംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് താമിറിനെ ക്രൂരമായി മർദിച്ചിരുന്നതായാണ് സാക്ഷിമൊഴികൾ.താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടായിരുന്നുവെന്നായിരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കേസിൽ കൊലക്കുറ്റം ചുമത്തിരുന്നെങ്കിലും പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.