കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ല; കപ്പ കര്‍ഷകര്‍ ദുരിതത്തില്‍
|കപ്പയിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം
കോട്ടയം: കപ്പ കർഷകർക്ക് വലിയ പ്രതീക്ഷ നല്‍കിയ ബജറ്റായിരുന്നു കഴിഞ്ഞ തവണത്തേത്. കപ്പയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാൻ തീരുമാനമുണ്ടായെങ്കിലും എങ്ങുമെത്തിയില്ല. വിപണിയിലെ വിലത്തകർച്ച കൂടിയായതോടെ ദുരിതത്തിലാണ് കർഷകർ.
കപ്പയിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള പ്രഖ്യാപനമാണ് കഴിഞ്ഞ തവണ സർക്കാർ നടത്തിയത്. ഇത് വലിയ പ്രതീക്ഷയാണ് കപ്പ കർഷകർക്ക് നല്കിയത്. കോവിഡിനും പ്രളയത്തിനും ശേഷം ഈ മേഖലയിൽ ഉണർവുണ്ടാകുകയും ചെയ്തു. എന്നാൽ അടുത്ത ബജറ്റിലേക്ക് എത്തുമ്പോള്‍ ഈ പ്രതീക്ഷകളൊന്നും കർഷകർക്കില്ല.
വിപണിയിൽ കപ്പ കൃഷിക്കുണ്ടായ വിലയിടിവും തിരിച്ചടിയായിട്ടുണ്ട്. വലിയ തോതിൽ കൃഷിയിറക്കിയവർ എങ്ങനെ കപ്പ വിറ്റ് ലാഭമുണ്ടാക്കണമെന്ന് ആലോചിക്കുകയാണ്. വില സ്ഥിരതയില്ലാത്തതും കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ബജറ്റിൽ കൂടുതൽ പരിഗണന വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.