കോൺഗ്രസിലെ ചേരിപ്പോരിനിടെ താരീഖ് അൻവർ ഇന്ന് കേരളത്തിൽ
|കൊച്ചിയിലും കോഴിക്കോട്ടും നടക്കുന്ന ബ്ലോക്ക് അധ്യക്ഷന്മാരുടെ പഠനശിബിരത്തിൽ എ, ഐ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കില്ല
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ചേരിപ്പോര് തുടരുന്നതിനിടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് സംസ്ഥാനത്തെത്തും. കൊച്ചിയിലും കോഴിക്കോട്ടുമായി നടക്കുന്ന ബ്ലോക്ക് അധ്യക്ഷന്മാരുടെ പഠനശിബിരത്തിൽ പങ്കെടുക്കാനാണ് താരീഖ് അൻവർ വരുന്നത്. ഇതിനിടയിൽ ഇടഞ്ഞുനിൽക്കുന്ന ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്.
എന്നാൽ, താരീഖ് അൻവറുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ പഠനക്യാംപിൽ പങ്കെടുക്കുന്നുമില്ല. അടുത്തയാഴ്ച എ, ഐ ഗ്രൂപ്പ് നേതാക്കൾ താരീഖ് അൻവറിനെ കാണാൻ ഡൽഹിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള ദ്വിദിന ക്യാംപ് ഇന്ന് തുടങ്ങും. ആലുവയിലെ ശാന്തിഗിരി ആശ്രമത്തിലാണ് ക്യാംപ് നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും. എം.എം ഹസന്, കെ.സി ജോസഫ്, ബെന്നി ബെഹനാന് തുടങ്ങിയ നേതാക്കള്‍ക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
ബ്ലോക്ക് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന പരാതി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. താരീഖ് അന്‍വര്‍ ചൊവ്വാഴ്ച ക്യാംപില്‍ പങ്കെടുക്കും.
ബ്ലോക്ക് അധ്യക്ഷ പട്ടികയിലെ തർക്കത്തിൽ കെ.പി.സി.സി അധ്യക്ഷന്റെ സമവായ നീക്കം ഗ്രൂപ്പുകൾ തള്ളിയതോടെ സംസ്ഥാനത്തെ കോൺഗ്രസിലെ പ്രശ്നപരിഹാരത്തിന് ഹൈക്കമാൻഡ് ഇടപെടൽ അനിവാര്യമായിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷൻ വിളിച്ച ചർച്ചയെപ്പോലും ഗ്രൂപ്പ് നേതൃത്വം നേരിട്ടത് പരിഹാസത്തോടെയാണ്. ഇതോടെ അടുത്ത കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നേരിടുന്നത്.
കെ. സുധാകരൻറെ സമവായ നീക്കം തള്ളി പുറത്തിറങ്ങിയ ശേഷം സംസ്ഥാന കോൺഗ്രസിലെ രണ്ട് തലമുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണം പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. പുനഃസംഘടനയുടെ പേരിൽ നേതൃത്വത്തോട് തുടങ്ങിയ കലഹം എ, ഐ ഗ്രൂപ്പുകളെ യോജിപ്പിലെത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ രീതികളോട് സമവായമില്ലെന്ന് സുധാകരനെ ഗ്രൂപ്പുകൾ അറിയിച്ചു. കെ.പി.സി.സിയിൽനിന്ന് നീതി കിട്ടിയില്ലെന്ന് തുറന്നടിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയാണ്. കെ. സുധാകരൻറെ സമവായ നീക്കത്തെ പരിഹാസത്തോടെയാണ് യു.ഡി.എഫ് കൺവീനർ കൂടിയായ എ. ഗ്രൂപ്പ് നേതാവ് എം.എം ഹസൻ കണ്ടത്. ഹസൻറെ വാക്കുകളിൽ സതീശനുള്ള ഒളിയമ്പും ആവോളമുണ്ടായിരുന്നു.
Summary: AICC general secretary Tariq Anwar, who is in charge of Kerala, will arrive in the state today as the tussle continues in the state Congress.