Kerala
ചർച്ച ഫലപ്രദമെന്ന് താരീഖ് അൻവർ; പറയാനുള്ളതെല്ലാം പറഞ്ഞു; ഇനി റിസൾട്ട് കാക്കുന്നുവെന്ന് സുധീരൻ
Kerala

ചർച്ച ഫലപ്രദമെന്ന് താരീഖ് അൻവർ; പറയാനുള്ളതെല്ലാം പറഞ്ഞു; ഇനി റിസൾട്ട് കാക്കുന്നുവെന്ന് സുധീരൻ

Web Desk
|
27 Sep 2021 12:25 PM GMT

പുനഃസംഘടനയിൽ ഒരാളുടെ പേരും പറയില്ലെന്ന് താൻ പറഞ്ഞതാണെന്നും പക്ഷേ, ചർച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഇതര നേതാക്കളുമായി നടന്ന ചർച്ചയിൽ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി റിസൾട്ട് കാക്കുന്നുവെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. രാജി വെച്ച തീരുമാനത്തിൽ ഉറച്ചുനിന്ന, സുധീരൻ ഹൈക്കമാൻറ് നടിപടികൾക്കായി കാത്തിരിക്കുവെന്ന് ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ വി.എം. സുധീരനുമായുള്ള ചർച്ച ഫലപ്രദമായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. സുധീരന്റെ നിർദേശങ്ങൾ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോൺഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താരീഖ് അൻവർ പറഞ്ഞു.

പുതിയ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശിച്ച സുധീരൻ കോൺഗ്രസിന് ഉചിതമല്ലാത്ത അനഭിലഷണീയ ശൈലിയും നടപടികളും ഉണ്ടായെന്നും പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. ഇതോടെയാണ് രാജിവെച്ചതെന്നും താരീഖ് അൻവറും കൂട്ടരും ചർച്ചക്ക് വന്നതിന് താൻ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ബാക്കി കാര്യം നടപടികളിലാണ് കാണേണ്ടത്. തെറ്റുകൾ തിരുത്താതെ മുന്നോട്ടുപോയാൽ പാർട്ടിക്ക് തിരിച്ചടി മാത്രമേ ഉണ്ടാകൂ. ഇതിന് മാറ്റം വരാൻ എ.ഐ.സി.സി ഇടപെടണമെന്നും സുധീരൻ പറഞ്ഞു.

പാർട്ടിയിൽ ഒരു കാലത്തും താൻ സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും പുനഃസംഘടനയിൽ ഒരാളുടെ പേരും പറയില്ലെന്ന് താൻ പറഞ്ഞതാണെന്നും പക്ഷേ, ചർച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ആവശ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കോൺഗ്രസാണെന്ന് തന്നെ കാണാനെത്തിയ താരീഖ് അൻവറിനെ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും പറഞ്ഞതായും അദ്ദേഹം അറിയിച്ചു. മുതിർന്ന നേതാക്കളെ കാര്യങ്ങൾ ധരിപ്പിക്കണമെന്നും എല്ലാവരും ചേർന്നു പോകുമ്പോൾ പാർട്ടി ശക്തിപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

Similar Posts