നികുതി വർധനവ് എൽ.ഡി.എഫ് തീരുമാനം: കാനം രാജേന്ദ്രൻ
|ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: നികുതി വർധനവ് എൽ.ഡി.എഫിന്റെ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധനമന്ത്രി മറുപടി പറഞ്ഞതോടെ അത് പ്രാബല്യത്തിലായി. യു.ഡി.എഫ് നടത്തുന്നത് ജനകീയ സമരമല്ല, രാഷ്ട്രീയ സമരമാണെന്നും കാനം പറഞ്ഞു.
ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്ന് ധനമന്ത്രി പരിഹസിച്ചു. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ധന സെസിനെതിരെ നിയമസഭക്ക് അകത്തും പുറത്തും സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇന്ധന സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് പിടിവാശിയാണ്. വിനാശകരമായ ബജറ്റാണ് അവതരിപ്പിച്ചത്. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇതിനെതിരെ ഈ മാസം 13, 14 തിയതികളിൽ ജില്ലകളിൽ രാപ്പകൽ സമരം നടത്തും. എം.എൽ.എമാരുടെ സത്യഗ്രഹ സമരം തുടരുമെന്നും സതീശൻ വ്യക്തമാക്കി.