Kerala
നടുവൊടിയുമോ? വരുന്നു നികുതി ഭാരം...  ബജറ്റ് പരിഷ്കാരങ്ങള്‍ ഇങ്ങനെ
Kerala

നടുവൊടിയുമോ? വരുന്നു നികുതി ഭാരം... ബജറ്റ് പരിഷ്കാരങ്ങള്‍ ഇങ്ങനെ

Web Desk
|
11 March 2022 6:48 AM GMT

നേരത്തെ 2020 ഏപ്രിലില്‍ ആണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചത്. അന്നും 10% വര്‍ധനവാണ് ന്യായവിലയില്‍ കൊണ്ടുവന്നത്.

സംസ്ഥാന ബജറ്റ് അവതരണത്തില്‍ കേരളം ഏറ്റവുമധികം ഉറ്റുനോക്കിയ ഘടകങ്ങളില്‍ ഒന്നാകും നികുതി സംബന്ധിച്ച പ്രഖ്യാപനം. ദൈനംദിന ജീവിതത്തെ നികുതിയിലെ കയറ്റിറക്കങ്ങള്‍ ബാധിക്കുമെന്നതുകൊണ്ട് തന്നെ ബജറ്റ് പ്രഖ്യാപനത്തില്‍ നികുതി എന്നും പ്രധാന 'നോട്ടപ്പുള്ളി'യാണ്. ഇത്തവണ പക്ഷേ പ്രതീക്ഷക്ക് വക നല്‍കുന്ന തരത്തിലായിരുന്നില്ല പക്ഷേ നികുതി സംബന്ധിച്ച പ്രഖ്യാപനം. പല കാര്യങ്ങളിലും നികുതിയില്‍ ഇളവുണ്ടായില്ലെന്ന് മാത്രമല്ല ഭൂമിയുടെ ന്യായവിലയിലും പഴയ വാഹനങ്ങളുടെ ഹരിത നികുതിയിലുമടക്കം വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുന്നത് വഴി 80 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നേരത്തെ 2020 ഏപ്രിലില്‍ ആണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചത്. അന്നും 10% വര്‍ധനവാണ് ന്യായവിലയില്‍ കൊണ്ടുവന്നത്. 2010 ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ച് ഉത്തരവ് വന്നത്. നിശ്ചയിക്കുകയാണെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കി. ന്യായവിലയുടെ 10% ആണ് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും

നികുതി നിര്‍ദേശങ്ങള്‍

  • 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും.
  • രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം വര്‍ദ്ധിപ്പിക്കും.
  • രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും.
  • ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും.
  • എല്ലാ സ്ലാബുകളിലേയും അടിസ്ഥാന ഭൂനികുതി നിരക്ക് വർധിപ്പിക്കും
  • ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് കൂട്ടിയത്. ഇതുവഴി 200 കോടി യുടെ അധിക വരുമാനം ഖജനാവിലെത്തും.
  • ഭൂമിയുടെ ന്യായ വിലയിലെ അപാകതകൾ പരിശോധിക്കാനും ഇതിനായി ഉന്നതതല സമിതിയെ രൂപീകരിക്കാനും തീരുമാനമായി.
  • അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും.
  • ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷന്‍ എന്നിവിടങ്ങളില്‍ 40.476 ന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തും
  • മോട്ടോർ വാഹന നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി 10 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യം.
  • മോട്ടോർ വാഹന നികുതി കുടിശിക അടച്ചു തീർക്കൽ പദ്ധതി തുടരും
  • അതേസമയം ബാർ ഹോട്ടലുകളുടെ റിട്ടേൺ സമർപ്പിക്കാനുള തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഏപ്രിൽ 30 നകം നികുതി അടച്ചു തീർക്കണം
  • കാരവൻ വാഹനങ്ങൾക്ക് നല്‍കേണ്ടിയിരുന്ന നികുതി കുറച്ചിട്ടുണ്ട്. സ്വകയർ ഫീറ്റ് അടിസ്ഥാനപ്പെടുത്തി അടച്ചുകൊണ്ടിരുന്ന നികുതി 1000 രൂപയില്‍ നിന്ന് സ്ക്വയര്‍ ഫീറ്റിന് 500 രൂപയാക്കിയിട്ടുണ്ട്.
  • വിവിധ നികുത നിര്‍ദ്ദേശങ്ങളിലൂടെ ആകെ 602 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി വഴിയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടത്തുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്കായി 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും നഷ്ടപരിഹാരത്തിനുമായി ബജറ്റില്‍ 25 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏഴ് കോടി രൂപ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവർക്കാണ്.

മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്നതിനായി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്‍റെ മേല്‍നോട്ടച്ചുമതല. ചക്ക ഉത്പനങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

മൂല്യവർധിക കാർഷിക മിഷനും അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്‍റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് പുതിയ മാർക്കറ്റിംഗ് കമ്പനി രൂപപ്പെടുത്തും. ഇതിനായി 100 കോടി രൂപ വകയിരുത്തി. മൂല്യവർധിത ഉത്പന്ന വിപണനത്തിനും കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം സംസ്ഥാനത്തുണ്ടായെന്നും ബാലഗോപാല്‍ പറഞ്ഞു. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ഇത്തവണ പേപ്പര്‍ ഒഴിവാക്കി ടാബ്‍ലറ്റില്‍ ആണ് ബജറ്റ് അവതരണം.ഒന്‍പത് മണിക്ക് സഭാ നടപടികള്‍ തുടങ്ങുകയും 9 . 08 ന് ബജറ്റ് അവതരണം തുടങ്ങുകയും ചെയ്തു. വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി

Similar Posts