ചിന്നക്കനാലിൽ അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങി 'ആരാധകർ'
|കാട് കടത്തപ്പെട്ടതോടെ അരിക്കൊമ്പന് ആരാധകരും കൂടി
ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയ കാട്ടു കൊമ്പനായിരുന്നു അരിക്കൊമ്പൻ. കാട് കടത്തപ്പെട്ടതോടെ ആനയ്ക്ക് ആരാധകരും കൂടി.അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങിയിരിക്കുകയാണ് ചിന്നക്കനാലിലെ ആരാധകവൃന്ദം.
നാട് വിറപ്പിച്ചവനാണെങ്കിലും അരിക്കൊമ്പനോട് ആരാധനയുള്ള നിരവധി പേരുണ്ട് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ. വീടുകളും കടകളും ആക്രമിക്കാതെ അരിക്കൊമ്പൻ നാട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചവർ.ഒൻപത് വർഷത്തോളം അരികൊമ്പനെയും മറ്റ് കാട്ടാനകളേയും നിരീക്ഷിച്ചയാളാണ് വനം വകുപ്പ് വാച്ചറായ രഘു. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതോടെ അവന്റെ ഓർമ്മയ്ക്കായാണ് രഘുവും സുഹൃത്തുക്കളും ചായക്കട തുടങ്ങിയത്.
പൂപ്പാറ ഗാന്ധി നഗറിൽ ദേശീയ പാതയോരത്തെ കടയിലേക്ക് നിരവധി പേരെത്തുന്നുണ്ട്. അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്ക് വെച്ച് ചായ കുടിച്ച് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്റെ ഫ്ലക്സുകളുയർന്ന് തുടങ്ങി. വാഹനങ്ങൾക്ക് അരിക്കൊമ്പന്റെ പേരിടുന്നവരും കുറവല്ല.