കേന്ദ്രീയവിദ്യാലയങ്ങളിലും സൈനിക സ്കൂളുകളിലും മലയാളം മിഷന്റെ അനൗപചാരിക കോഴ്സുകൾ പഠിപ്പിക്കാൻ നീക്കം
|ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാള ഭാഷ പഠനനിയമത്തിന് വിരുദ്ധമായി കേന്ദ്രീയ വിദ്യാലയങ്ങളിലും സൈനിക സ്കൂളുകളിലും മലയാളം മിഷന്റെ അനൗപചാരിക കോഴ്സുകൾ പഠിപ്പിക്കാൻ നീക്കം.
എസ്സിഇആര്ടി തയാറാക്കിയ മലയാളം പാഠപുസ്തകമാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് എന്ന് നിയമം നിലനിൽക്കെയാണ്നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതിക്ക് സമാന്തരമായി മലയാളം മിഷന്റെ കോഴ്സുകൾ നടപ്പാക്കുന്നത് ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം .
സംസ്ഥാനത്ത് ഏത് സിലബസില്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിലും മലയാളം ഒരു ഭാഷയായി പഠിപ്പിക്കണമെന്നാണ് മലയാളപഠന നിയമത്തിന്റെ ചട്ടത്തിലുള്ളത്. ഇതിനായി എസ്സിഇആര്ടി തയാറാക്കിയ പാഠപുസ്തകമാണ് പഠിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിലനില്‍ക്കവെയാണ് കേന്ദ്രീയ വിദ്യാലയങ്ങളും സൈനിക് സ്കൂളും മലയാളം മിഷന്റെ അനൗപചാരിക ഭാഷാപഠന കോഴ്സുകൾ നടപ്പാകുന്നത്.
2017 ൽ നിയമം നിലവിൽ വന്നെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങളിലും സൈനിക സ്കൂളുകളിലും നടപ്പായിരുന്നില്ല. ഇത് മറികടക്കാനാണ് മലയാളം മിഷൻ കോഴ്സുകളെ ഉപയോഗിക്കുന്നത്. പ്രവാസി മലയാളികൾക്കിടയിലും പഠിക്കാൻ താല്പര്യമുള്ള വിദേശികൾക്കിടയിലും മലയാളം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ചതാണ് മലയാളം മിഷന്റെ കോഴ്സുകൾ. എന്നാൽ വിശദമായ ഗവേഷണങ്ങൾക്ക് ശേഷം തയാറാക്കിയ തങ്ങളുടെ കോഴ്സുകൾ എസ്സിഇആര്ടി കരിക്കുലത്തിന് സമാനമാണെന്നാണ് മലയാളം മിഷൻ വ്യക്തമാക്കുന്നത്.
ഭാഷാ വിഷയമായി മലയാളം പഠിപ്പിക്കണമെന്ന നിയമത്തിന്റെ ലംഘനമാണ് നടപടി എന്നാണ് വിദഗ്ദർ ചൂണ്ടി കയറ്റുന്നത്. കൃത്യമായ കരിക്കുലം, സിലബസ്, പഠിപ്പിക്കാനുള്ള അധ്യാപകര്‍, പീരിയഡുകള്‍ എന്നിവയൊന്നും പരിഗണിക്കാതെയാണ് തീരുമാനമെന്നും വിമർശനമുണ്ട്.