സ്‌കൂളുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്
|വിദ്യാർത്ഥികളുടെ കുറവ് മൂലം അധ്യാപകരുടെ തസ്തിക നഷ്ടമായാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
തിരുവനന്തപുരം: സ്‌കൂളുകളിലെ അധ്യാപക വിദ്യാർത്ഥി അനുപാതം സംബന്ധിച്ച വിഷയത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെ കുറവ് മൂലം അധ്യാപകരുടെ തസ്തിക നഷ്ടമായാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മീഡിയാ വൺ വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെടൽ.
1997 ജൂണിലാണ് വിദ്യാർത്ഥികൾ കുറവായതിനെ തുടർന്ന് ജോലി നഷ്ടമാകാൻ സാധ്യതയുള്ള അധ്യാപകരെ സംരക്ഷിക്കാൻ 1:40 എന്ന് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. അതുവരെ നിലവിലുണ്ടായിരുന്നത് 1:45 എന്നായിരുന്നു. എന്നാൽ ഒരു അധ്യാപകന് നാൽപ്പത് കുട്ടികൾ എന്ന അനുപാതം ഇനി തുടരേണ്ടതില്ലെന്ന് കാട്ടി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയതോടെ എയ്ഡഡ് സ്‌കൂൾ അധ്യാപകർ ആശങ്കയിലായി. ഈ ഘട്ടത്തിലാണ് ഹൈസ്‌കൂൾ ഉൾപ്പടെ അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുമെന്നുണ്ടെങ്കിൽ അതിന് പരിഹാരമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയത്.
ജോലി സംബന്ധിച്ച് അധ്യാപർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം. 1:40 എന്ന അനുപാതം പുനഃസ്ഥാപിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും സംഘനകൾ അറിയിച്ചു.