സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ താപനില ഇനിയും ഉയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
|കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം.
തിരുവനന്തപുരം: തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ അടുത്ത രണ്ട് ദിവസം താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യൽ വരെ ഉയരും. സാധാരണയെക്കാൾ മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രിവരെ ഉയർന്ന താപനിലയാണിത്. കോഴിക്കോട്, കോട്ടയം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രിവരെ ഉയർന്ന താപനിലയാണിത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശരാശരി 38 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പല ജില്ലകളിലെയും താപനില. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ആണ് ബുധനാഴ്ച രേഖപ്പെടുത്തിയ താപനില. സംസ്ഥാനത്ത് ഈ വർഷം രേഖപ്പെടുത്തിയ ഉയർന്ന താപനിലയും ഇതാണ്. പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് ബുധനാഴ്ച അന്തരീക്ഷ താപനില 39 ഡിഗ്രി സെൽഷ്യസ് കടന്നത്.