Kerala
Temple Priests have no Untouchability says k surendran
Kerala

പൂജാരിമാർക്ക് അയിത്തമില്ല; അവർ വെറും പാവങ്ങൾ, ഉപദ്രവിക്കരുത്; മന്ത്രിക്കെതിരായ ജാതിവിവേചനത്തെ ന്യായീകരിച്ച് കെ. സുരേന്ദ്രൻ

Web Desk
|
20 Sep 2023 3:12 PM GMT

ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണെന്നും സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പൂജാരിമാരെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ലെന്നും അമ്പലത്തിലെ പൂജാരിമാർക്ക് അയിത്തമില്ലെന്നും അവർ വെറും പാവങ്ങളാണെന്നും ഉപദ്രവിക്കരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യയിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണരെന്ന് വിളിക്കുന്നവർ അവർണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണെന്നും സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ലെന്നും സുരേന്ദ്രൻ ന്യായീകരിച്ചു. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയംബോധം.

സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസിലാവില്ലെന്നറിഞ്ഞു തന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്. അവർക്കാർക്കും അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസിലാക്കണം- സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ജാതിവിവേചനമുണ്ടായതായി മന്ത്രി വെളിപ്പെടുത്തിയത്. ക്ഷേത്രചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചെന്നും അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളിൽനിന്ന് ഏറെ മുന്നോട്ടുപോയ നാടാണ് കേരളമെങ്കിലും ഇപ്പോഴും ചിലരുടെ മനസിൽ ജാതിചിന്തയുണ്ടെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ജാതിചിന്ത മനസിൽ പിടിച്ച കറയാണ്. പെട്ടെന്ന് മാറ്റാൻ കഴിയില്ല. ക്ഷേത്രത്തിൽ നടന്നത് ഇവിടുത്തെ പൊതുസമൂഹം അംഗീകരിക്കാത്തതു കൊണ്ട് അതു വലിയ വിവാദമാക്കാൻ നിന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്. അവർക്കാർക്കും അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം.






Similar Posts