പ്ലസ് വൺ സീറ്റ്; മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കും
|'പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും'
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനം. 15 വിദ്യാർഥി സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.
പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി. ഇവരുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കും. ആവശ്യമുണ്ടെങ്കിൽ റിപ്പോർട്ട് പ്രകാരം അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജൂലൈ 2 മുതൽ അഞ്ച് വരെ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷ ക്ഷണിക്കും. എട്ടാം തീയതിയാണ് അല്ലോട്ട്മെൻ്റുണ്ടാവുക. സപ്ലിമെൻററി അലോട്ട്മെന്റിന് ശേഷമായിരിക്കും സ്കോൾ കേരള അപേക്ഷകൾ ക്ഷണിക്കുക. മലപ്പുറത്ത് കഴിഞ്ഞ വർഷം പന്ത്രണ്ടായിരത്തോളം സ്കോൾ കേരള വിദ്യാർഥികൾ ഉണ്ടായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റുകൾ അധികമാണെന്ന് കണ്ടെത്തി. കൊമേഴ്സ് ഹ്യൂമാനിറ്റീസ് സീറ്റുകൾ ആണ് കുറവുള്ളത്. ബാക്കി ജില്ലകളിൽ സപ്ലിമെൻററി അലോട്ട്മെൻ്റുകളോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.