കെഎസ്ആർടിസിക്ക് താൽകാലിക ആശ്വാസം; അടിയന്തര ധനസഹായമായി 50 കോടി അനുവദിച്ചു
|ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൂന്നിലൊന്ന് ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് ഈ തുക ഉപയോഗിക്കാം. ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ശമ്പളത്തിനായി 50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകുമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പണം ഉടൻ കൈമാറാനും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയുടെ മൂന്നിലൊന്ന് ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യനും ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ സപ്ലൈകോ അടക്കം പൊതു വിതരണ ശൃംഖലയിൽ നിന്ന് സാധനം വാങ്ങാനാവും വിധം കൂപ്പണുകൾ നൽകാനുമാണ് നിർദ്ദേശം.
കൂപ്പൺ വേണ്ടാത്തവർക്ക് ശമ്പള കുടിശിഖയായി നിലനിർത്തണമെന്നും കോടതി വ്യക്തമാക്കി. 15 കോടി രൂപ മാത്രമാണ് കൈവശമുള്ളതെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയിൽ ഒരു മാസത്തെ പോലും നൽകാൻ 50 കോടി തികയില്ലെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. . രണ്ട് മാസത്തെ ശമ്പളവും ഓണം ബോണസും വിതരണം ചെയ്യാൻ 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.