കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം
|പത്തുകോവിഡ് രോഗികളാണ് അരമന ആശുപത്രിയില്‍ നിലവില്‍ ചികിൽസയിലുള്ളത്. ഇവരിൽ ഏഴുപേർക്ക് ഓക്സിജൻ ആവശ്യമാണ്.
കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. അരമന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് സെന്ററിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് നാല് സിലിണ്ടർ ഓക്സിജൻ എത്തിച്ചു. കണ്ണൂർ ബാൽക്കോയിൽനിന്ന് കൂടുതൽ സിലിണ്ടറുകൾ രാത്രി എത്തിക്കും. ഇവിടെ പത്തുകോവിഡ് രോഗികളാണ് അരമന ആശുപത്രിയില്‍ നിലവില്‍ ചികിൽസയിലുള്ളത്. ഇവരിൽ ഏഴുപേർക്ക് ഓക്സിജൻ ആവശ്യമാണ്. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത് ആശുപത്രി അധികൃതർ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു ആഴ്ചയായി ജില്ലയിൽ ഓക്സിജൻ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. മംഗളൂരുവിൽ നിന്ന് ഓക്സിജൻ നൽകേണ്ടന്നെന്ന് മംഗളൂരു ജില്ലാ ഭരണകൂടം തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്നലെ കാസർകോട് കിംസ് ആശുപത്രിയിലും ഇ.കെ. നായനാർ സഹകരണ ആശുപത്രിയിലും സമാനരീതിയിലുള്ള പ്രതിസന്ധി രൂപപെട്ടിരുന്നു.