പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസ്: പ്രതി വിദേശത്തേക്ക് കടന്നില്ലെന്ന് നിഗമനം; ഉടന്‍ പിടിയിലായേക്കും
|പ്രതി മദ്യപിച്ച് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതി ഉടൻ പൊലീസ് പിടിയിലാവാൻ സാധ്യത. പ്രതി പ്രിയരഞ്ജൻ നേരത്തെ വിദേശത്തേക്കു കടന്നിരുന്നെന്ന സംശയം പറഞ്ഞിരുന്നെങ്കിലും ഇയാൾ സംസ്ഥാനം മാത്രമേ വിട്ടിട്ടുള്ളെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. ഇയാൾ ഉണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനത്തു പൊലീസ് കനത്ത തിരച്ചിൽ തുടരുകയാണ്.
അതേസമയം, ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ആഗസ്റ്റ് 30-നാണ് കാട്ടാക്കടയിൽ പത്താം ക്ലാസ്സുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവുണ്ടായത്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നൽകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
ആദിശേഖർ കളി കഴിഞ്ഞ് സൈക്കിളിൽക്കയറി പോകവെ പ്രിയരഞ്ജൻ വാഹനം മുന്നോട്ട് എടുക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഏപ്രിലിൽ പ്രതി മദ്യപിച്ച് പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.