പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പെൺകുട്ടിയുടെ മൊഴിയെടുത്തു
|കുടക് സ്വദേശിയായ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി
കാസർകോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയതിൽ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് രഹസ്യ മൊഴിയെടുത്തത്. കേസിൽ കുടക് സ്വദേശിയായ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി.
പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു മൊഴി എടുത്തത്. പൊലിസും പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പൊലിസ് നടപടി. പ്രതി കർണാടകയിൽ ഒളിവിൽ കഴുന്നതായാണ് വിവരം. സംഭവം നടന്ന ദിവസം മുതൽ ഇയാളെ കാണാനില്ലായിരുന്നു.
ഫോൺ ഉപയോഗിക്കാത്ത പ്രതി ഓരോ സ്ഥലങ്ങളും മാറി മാറി താമസിക്കുന്നത് പൊലീസിന് വെല്ലുവിളിയാവുന്നുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കുടകിലും മേൽപറമ്പ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ട് കൊണ്ട് പോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഭവം നടന്നത്.