'ആദ്യം ടീസ്റ്റയ്ക്ക് ജാമ്യം, ഇപ്പോൾ ദേ സിദ്ദീഖ് കാപ്പനും'; പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നെന്ന് ടി.ജി മോഹൻദാസ്
|വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തൽവാദിനും ജാമ്യം നൽകിയ സുപ്രിംകോടതി ഉത്തരവിനെ വിമർശിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നെന്ന് ട്വിറ്ററിലിട്ട കുറിപ്പിൽ മോഹൻദാസ് പറയുന്നു.
'ആദ്യം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിച്ചു. ഇപ്പോൾ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു! പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നു' - എന്നാണ് അദ്ദേഹത്തിന്റെ ആദ്യ കുറിപ്പ്.
ടീസ്റ്റയ്ക്ക് ജാമ്യം കൊടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ' (ജസ്റ്റിസ് യുയു ലളിത്) ലളിതിന്റെ കണ്ണ് എവിടെ ഉടക്കും എന്ന് മഹേഷിന് നന്നായറിയാം. പക്ഷേ ഇന്ന് എന്തോ പാളിപ്പോയി.. പക്ഷേ ടീസ്റ്റയ്ക്ക് ജാമ്യം കൊടുത്തതിൽ എനിക്ക് അത്ഭുതം തോന്നി! ഹൈക്കോടതിയുടെ മുമ്പിൽ ഇരിക്കുന്ന ഒരു മാറ്ററിൽ വേഗം തീരുമാനമെടുക്കൂ എന്ന് പറയാമെന്നല്ലാതെ അതിൽ കയറി വിധി പറഞ്ഞത് ശരിയായില്ല.'
മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി ഫോമിലല്ലാതെ പോയതാണ് കാപ്പന് ജാമ്യം കിട്ടാൻ കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. 'അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താൻ ഞാനില്ല. ഇന്ന് മഹേഷ് ജേഠ്മലാനി ഫോമിൽ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു.' - അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനും ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവർ അംഗങ്ങളുമായ ബഞ്ച് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിൽ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. എഴുനൂറിലേറെ ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്. ഇ.ഡി കേസിൽ കൂടി ജാമ്യം കിട്ടിയാൽ അദ്ദേഹത്തിന് പുറത്തിറങ്ങാം.
ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്.