Kerala
തലശ്ശേരി ഇരട്ടക്കൊലപാതക കേസ്; മൂന്നാം പ്രതിയും കെ.സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്
Kerala

തലശ്ശേരി ഇരട്ടക്കൊലപാതക കേസ്; മൂന്നാം പ്രതിയും കെ.സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്

Web Desk
|
25 Nov 2022 11:52 AM GMT

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് നവീൻ

കണ്ണൂർ: തലശ്ശേരി ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്ക് ബി.ജെ.പി ബന്ധം. മൂന്നാം പ്രതി നവീനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പേരിൽ ഒരാളാണ് നവീൻ.

ജനരക്ഷാ യാത്രയുടെ പരിപാടിക്കിടെ പകർത്തിയ ചിത്രങ്ങളാണിത്. നവീൻ ആർ.എസ്.എസ്, ബി.ജെ.പി അനുഭാവി ആണെന്ന് തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ നവീനിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്തിരുന്നു. ആ ഡിലീറ്റ് ചെയ്ത പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇന്നലെ വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു കൊലപാതകം നടന്നത്. സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40), ബന്ധു തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ നെട്ടൂർ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണെന്നും ലഹരി മാഫിയ വളരുന്നത് പാർട്ടി തണലിൽ ആണെന്നും കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു. പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും പറഞ്ഞു.

ലഹരി മാഫിയക്കെതിരെ പാർട്ടിയും സർക്കാരും നടത്തുന്ന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടവരാണ് തലശ്ശേരി ഇരട്ട കൊലപാതകത്തിന് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും നിലപാട്. എന്നാൽ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പാറയി ബാബു അടക്കമുള്ളവരുടെ പാർട്ടി ബന്ധമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കേരളത്തിൽ ലഹരി മാഫിയ വളരുന്നത് സിപിഎമ്മിന്റെ തണലിൽആണന്നും ഇതിന്റെ തെളിവാണന്ന് പ്രതികളുടെ സിപിഎം ബന്ധമെന്നും കണ്ണൂർ ഡി സി സി പ്രസിഡന്റ് ആരോപിച്ചു. കേസിലെ ഒന്നാം പ്രതി ബാബു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണന്നും മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു.

Similar Posts