'ജനങ്ങളെ സംരക്ഷിക്കാനാവില്ലെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോണം'; സർക്കാരിനെതിരെ താമരശ്ശേരി ബിഷപ്പ്
|ജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.
കോഴിക്കോട്: വന്യജീവി ആക്രമണങ്ങൾ പെരുകുന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനാവില്ലെങ്കിൽ വനംമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.
മനുഷ്യജീവന് സംരക്ഷണമൊരുക്കാൻ കഴിയുന്ന വിധത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താനാവാത്തത് പ്രതിഷേധാർഹമാണ്. തമിഴ്‌നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകണം. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അതിശക്തമായ സമരമുണ്ടാകുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.
മൃഗങ്ങൾ വനത്തിൽനിന്ന് പുറത്തിറങ്ങാതിരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മൃഗങ്ങളുടെ എണ്ണം വർധിക്കുമ്പോൾ അവയെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും പല രാജ്യങ്ങളും സ്വീകരിക്കുന്നുണ്ട്. നമ്മുടെ സർക്കാർ അതൊന്നും മാതൃകയാക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് കഴിയാത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ബിഷപ്പ് പറഞ്ഞു.