താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസ്: മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കും
|ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ.കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനം വകുപ്പുദ്യോഗസ്ഥർ
കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കും. നേരത്തെ കേസുമായി സഹകരിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിസ്തരിക്കുക. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.
റേഞ്ച് ഓഫീസർ ടി എസ് സാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രമണ്യൻ, സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവരെയാണ് വിസ്തരിക്കുക. സാക്ഷി പട്ടികയിലുണ്ടായിരുന്നിട്ടും ഇവർ കേസുമായി സഹകരിച്ചിരുന്നില്ല. തിങ്കളാഴ്ച ഇവർക്ക് സമൻസ് അയയ്ക്കും.
ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ.കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനം വകുപ്പുദ്യോഗസ്ഥർ. കൂറുമാറിയ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ മൊഴി മാറാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്
2013 നവംബർ 15ന് കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായി നടന്ന ഹർത്താലിലാണ് താമരശ്ശേരി വനംവകുപ്പോഫീസ് കത്തിച്ചത്. വനം വകുപ്പിലെ നിരവധി പ്രധാന രേഖകൾ കത്തി നശിച്ചിരുന്നു. വിചാരണ വേളയിൽ അക്രമികളെ തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് അന്നത്തെ ഡിവൈഎസ്പി ജയ്സൺ എബ്രഹാമും അസിസ്റ്റൻറ് കമ്മീഷണറായ ബിജുരാജും സ്വീകരിച്ചത്. കേസ് ഡയറിയും കാണാതായതായി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൂറുമാറിയതോടെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്ക.
മാധ്യമ പ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. അന്നത്തെ ഡിവൈഎസ്പി ജയ്സൺ എബ്രഹാം ഉൾപ്പെടെയുള്ളവരെ ഹർത്താലനുകൂലികൾ വളഞ്ഞിട്ട് തടഞ്ഞിരുന്നു.