Kerala
തമ്പാനൂര്‍ കൊലപാതകം; മകളെ പ്രവീൺ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഗായത്രിയുടെ അമ്മ
Kerala

തമ്പാനൂര്‍ കൊലപാതകം; മകളെ പ്രവീൺ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഗായത്രിയുടെ അമ്മ

Web Desk
|
8 March 2022 1:26 AM GMT

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം തമ്പാനൂരിൽ ഗായത്രിയുടെ കൊലപാതകത്തിൽ പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം. ഗായത്രിയെ പ്രവീൺ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഗായത്രിയുടെ അമ്മ സുജാത ആരോപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നെകിൽ ഗായത്രിയെ രക്ഷിക്കാമായിരുന്നെന്നും സുജാത പറഞ്ഞു.

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച അക്ഷയ സെന്‍ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഗായത്രി വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഗായത്രിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വൈകുന്നേരമാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ പൊലീസ് അന്വേഷണം വൈകിയത് മൂലമാണ് മകളുടെ മരണം സംഭവിച്ചതെന്നും അമ്മ സുജാത ആരോപിക്കുന്നു.

ഗായത്രിയും പ്രവീണും തമ്മിൽ ഏറെ നാളായി ബന്ധം ഉണ്ടായിരുന്നില്ലെന്നും അമ്മ സുജാത വെളിപ്പെടുത്തി. ഗായത്രിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ശനിയാഴ്ച രാത്രിയിൽ ഗായത്രിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രവീണാണ് സംസാരിച്ചതെന്നും സുജാത പറഞ്ഞു. റിമാൻഡ് ചെയ്ത പ്രവീണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കൊലപാതകം നടന്ന ഹോട്ടലിൽ ഉൾപ്പെടെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഗായത്രിയുടേത് ആസൂത്രിത കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്.



Related Tags :
Similar Posts