Kerala
Asif Ali
Kerala

'പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാളോടുള്ള വിദ്വേഷ ക്യാമ്പയിനാക്കി മാറ്റരുത്': ആസിഫ് അലി

Web Desk
|
17 July 2024 9:44 AM GMT

'ഈ വിഷയം മറ്റൊരു തലത്തിലേക്ക് പോകേണ്ടതില്ല'

കൊച്ചി: രമേഷ് നാരായണൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. തനിക്കുള്ള പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അത് മറ്റൊരാളോടുള്ള വിദ്വേഷ ക്യാമ്പയിനാക്കി മാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സിനിമാ പ്രമോഷൻ പരിപാടിയിലാണ് പ്രതികരണം.

'രമേഷ് നാരായണനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാനാണ് താൻ പ്രതികരിക്കുന്നത്. സ്റ്റേജിലേക്ക് വിളിക്കുന്ന സമയത്ത് പേര് തെറ്റി വിളിച്ചു, മെമൻ്റോ കൊടുക്കുന്ന സമയത്ത് കാലിന് വേ​​ദനയുള്ളതിനാൽ വേ​ദിയിലേക്ക് കയറാൻ കഴിയുന്നില്ല തുടങ്ങിയ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നു. അതിനാൽ ആ സമയത്ത് ഏതൊരു വ്യക്തി പ്രതികരിക്കുന്നത് പോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. സംഭവത്തിൽ തനിക്ക് ഒരു രീതിയിലുള്ള വിഷമമോ പരിഭവമോ ഇല്ല.'- ആസിഫ് പറഞ്ഞു.

ഈ വിവാ​ദം മറ്റൊരു തലത്തിലേക്ക് പോകേണ്ടതില്ല, മതപരമായ രീതിയിൽ വരെ വിഷയം ചർച്ച ചെയ്യപ്പെടുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു, അ‌ങ്ങനെയൊരു സംഭവവും അവിടെ നടന്നിട്ടില്ല. ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശബ്ദമിടറിയാണ് അദ്ദേഹം സംസാരിച്ചത്. മുതിർന്ന കലാകരനായ അദ്ദേഹം തന്നോട് മാപ്പ് പറയേണ്ട അവസ്ഥയിൽ എത്തിയതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.

Similar Posts