മക്കൾ ഉപേക്ഷിച്ച തങ്കമണിയെ ഏറ്റെടുത്ത് പീസ് വാലി
|മക്കള്‍ അമ്മയെ സംരക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ അയൽവാസികളാണ് നാളുകളായി ഭക്ഷണവും മറ്റും നൽകിയിരുന്നത്
കൊച്ചി: പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരുന്ന കുന്നത്ത് നാട് സ്വദേശി തങ്കമണിയെ പീസ് വാലി ഏറ്റെടുത്തു. കടുത്ത പ്രമേഹത്തെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റി കാലുകളും കൈയും നീര് വെച്ച് വീർത്ത് ദയനീയാവസ്ഥയിലായതോടെ മക്കൾ ഉപേക്ഷിക്കുകയായിരുന്നു. മക്കള്‍ അമ്മയെ സംരക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ അയൽവാസികളാണ് നാളുകളായി ഭക്ഷണവും മറ്റും നൽകിയിരുന്നത്.
തങ്കമണിയുടെ ദയനീയാവസ്ഥക്ക് പരിഹാരം തേടി വാർഡ് അംഗവും അയൽവാസികളും പൊലീസിൽ പരാതി നൽകിയെങ്കിലും അമ്മയെ സംരക്ഷിക്കാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു മൂന്ന് പെൺമക്കളും. ഒടുവില്‍ പഞ്ചായത്ത് അധികൃതര്‍ തങ്കമണിയുടെ ദയനീയാവസ്ഥ പീസ് വാലിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. മുവാറ്റുപുഴ ആർ.ഡി.ഒയെ വിവരം അറിയിച്ച പീസ് വാലി അധികൃതർ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തങ്കമണിയെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് തങ്കമണിക്ക് അഭയം നൽകിയിരിക്കുന്നത്. അമ്മയെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍.ഡി.ഒ പറഞ്ഞു.
ആയുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തങ്കമണി വിതുമ്പുകയായിരുന്നു. 53 വയസ്സുള്ള തങ്കമണിക്ക് മൂന്ന് പെണ്‍മക്കളാണ്.