'എന്റെ ഭാര്യയും മൂന്ന് മക്കളും നഷ്ടപ്പെട്ടു; ഒരു കുട്ടി ഐ.സി.യുവിലാണ്'; സൈനുൽ ആബ്ദീന് നഷ്ടമായത് സ്വന്തം കുടുംബം
|മുഖ്യമന്ത്രി പിണറായി വിജയൻ 10 മണിയോടെ താനൂരിലെത്തും.
താനൂർ: ബോട്ടപകടത്തിൽ ചെട്ടിപ്പടി സ്വദേശി സൈനുൽ ആബിദീന് നഷ്ടമായത് സ്വന്തം കുടുംബത്തെ തന്നെയാണ്. സൈനുൽ ആബിദീന്റെ ഭാര്യയും മൂന്നു മക്കളും അപകടത്തിൽ മരിച്ചു. ഒരു മകൾ കോട്ടക്കൽ മിംസ് ഐ.സി.യുവിൽ ചികിത്സയിലാണ്. താൻ പാലക്കാടായിരുന്നുവെന്നും ഫോണിൽ കുട്ടിയുടെ വീഡിയോ ക്ലിപ്പ് കണ്ടാണ് നാട്ടിലെത്തിയതെന്നും സൈനുൽ ആബിദ് പറഞ്ഞു.
ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചതെന്നാണ് ഏറ്റവും അവസാനം ലഭിക്കുന്ന വിവരം. നേവിയുടെ ഹെലികോപ്ടർ തിരച്ചിലിനായി എത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മുങ്ങിയത്. പരിധിയിൽ കൂടുതൽ ആളുകൾ കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബോട്ടിലെ ജീവനക്കാരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ 10 മണിയോടെ താനൂരിലെത്തും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും വി. അബ്ദുറഹ്മാനും ഇന്നലെ രാത്രി മുതൽ താനൂരിൽ രക്ഷാപ്രവർത്തനം നേതൃത്വം നൽകുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.