Kerala
കുലുങ്ങാതെ തരൂർ, മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും എഫ്ബി കുറിപ്പ്
Kerala

കുലുങ്ങാതെ തരൂർ, മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും എഫ്ബി കുറിപ്പ്

Web Desk
|
17 Dec 2021 5:37 AM GMT

"ചില കാര്യങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റി വയ്ക്കണം"

കെ റെയിൽ വിഷയത്തിൽ കോൺഗ്രസിന് അകത്തു നിന്ന് രൂക്ഷമായ എതിർപ്പു നേരിടുന്ന വേളയിലും കുലുങ്ങാതെ ശശി തരൂർ. വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രങ്ങൾ തരൂർ ഫേസ്ബുക്കിൽ പങ്കുവച്ചു. മുഖ്യമന്ത്രിയുമായി വികസനം ചർച്ച ചെയ്‌തെന്ന് തരൂർ കുറിപ്പിൽ പറയുന്നു.

'മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള വികസനം ചർച്ച ചെയ്തത് ആസ്വദിച്ചു. ചില കാര്യങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ കിട്ടണം. നിലവിലെ സാമ്പത്തിക സാചര്യങ്ങളിൽ അവർക്കത് ലഭ്യമല്ല.' എന്നാണ് തരൂരിന്റെ കുറിപ്പ്.

കെ റെയിലിന് എതിരെ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പുവയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. യുഡിഎഫിന്റെ 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പുവച്ചിരുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരവുമായി മുമ്പോട്ടു പോകാനുള്ള തീരുമാനമെടുത്ത സാഹചര്യത്തിലാണ് തരൂരിന്റെ വ്യത്യസ്ത നിലപാട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടന വേദിയിലും തരൂർ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത് നല്ല കാര്യമാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.

തരൂരിനെതിരെ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. അച്ചടക്കം തരൂരിനും ബാധകമാണ് എന്നും അറിയില്ലെങ്കിൽ അദ്ദേഹത്തെ പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts