Kerala
വരാത്തവർ വരണ്ട, അവർക്ക് യൂട്യൂബിൽ കാണാം; ഡിസിസിയെ അറിയിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് തരൂർ
Kerala

'വരാത്തവർ വരണ്ട, അവർക്ക് യൂട്യൂബിൽ കാണാം'; ഡിസിസിയെ അറിയിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് തരൂർ

Web Desk
|
3 Dec 2022 6:48 AM GMT

'തനിക്ക് ആരെയും ഭയമില്ല, ആരും തന്നെയും ഭയപ്പെടേണ്ടതില്ല'

കോട്ടയം: യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് കോട്ടയം ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ. പരിപാടിയിലേക്ക് ക്ഷണിച്ചത് കൊണ്ടാണ് പോകുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ജനങ്ങളുടെ മനോഭാവത്തിൽ എന്ത് കൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയപ്പെടേണ്ടതില്ലെന്നും തരൂർ പറഞ്ഞു. വരാൻ താൽപര്യമില്ലാത്തവർക്ക് യൂട്യൂബിൽ പരിപാടി കാണാം. പരിപാടിയെ കുറിച്ച് തന്നോട് ആരും ആശയ വിനിമയം നടത്തിയിട്ടില്ല. പരിപാടിയിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് പോകുന്നതെന്നും തരൂർ പറഞ്ഞു.

ശശി തരൂരിന്റെ കോട്ടയം ജില്ലാ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വ്യക്തമാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. പരിപാടിയിൽ പങ്കെടുത്ത് വിവാദങ്ങളുടെ ഭാഗമാകാനില്ലെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. പരിപാടിയെ കുറിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല, യൂത്ത് കോൺഗ്രസിന്റെ പരിപാടി ജില്ലാ നേതൃത്വം അറിയേണ്ടതായിരുന്നു. വ്യവസ്ഥാപിത ചട്ടക്കൂട് പൊളിച്ച് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂർ സംഘടനാ കീഴ് വഴക്കം പാലിച്ചില്ലെന്നും കെപിസിസിക്ക് പരാതി നൽകുമെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി.

അതേസമയം പത്തനംതിട്ടയിലെ പരിപാടിയും ശശി തരൂർ അറിയിച്ചില്ലെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റും ജില്ലയിലെ കെപിസിസി അംഗങ്ങളും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ അടൂരിൽ നടക്കുന്ന പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്.

തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഭിന്നത രൂക്ഷമായതിനിടെയാണ് തരൂരിന്റെ സന്ദർശനം. ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. അതേസമയം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദർശിക്കുന്ന തരൂർ തുടർന്ന് കെ എം ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് പാലാ ബിഷപ്പ്ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. ശേഷമാണ് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.

എ ഗ്രൂപ്പിലെ ഒരു വിഭാഗം തരൂരിനെ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി പരിപാടിയിലേക്ക് എത്തിയേക്കില്ല. ഈ പരിപാടികൾക്ക് പുറമേ അടുത്തമാസം എൻഎസ് എസിന്റെ മന്നം ജയന്തിയിലും ചങ്ങനാശേരി രൂപത യുവദീപ്തിയുടെ പരിപാടിക്കും തരൂരിനെ ക്ഷണിച്ചിട്ടുണ്ട്.

Similar Posts