കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ
|അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതി
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. കസ്റ്റഡിയിലുള്ള അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.
നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിൽ അമ്പിളിയിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളി നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണോ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകവും, ഗുണ്ടാ പ്രവർത്തനവും, സ്പിരിറ്റ് കടത്തും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകൾ നിരവധിയാണ്.