അസം തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും
|പ്രതി ഗോപാൽ മാലിക്കിനെ ഒഡീഷയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്
കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ അസം സ്വദേശികളായ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും. ഒഡീഷ സ്വദേശി ഗോപാൽ മാലിക്കിനെ ഒഡീഷയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് മുവാറ്റുപുഴ കമ്പിനി പടിയിലെ തടിമില്ലിൽ അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാലാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പിന്നാലെ ഒഡീഷ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റായ്ഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കാൻ ഇയാളുടെ ഗ്രാമമായ ബലിഗുഡ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്.
മൂവാറ്റുപുഴയിൽ എത്തിക്കുന്നതിന് പിന്നാലെ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷമാകും കോടതിയിൽ ഹാജരാക്കുക. പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്കും കടക്കും.