Kerala
kalamassery police arrest
Kerala

കളമശ്ശേരിയിലെ ‘കണ്ണൂർ സ്ക്വാഡ്’; പീഡനക്കേസ് പ്രതിയെ അസമിൽ നിന്ന് അതിസാഹസികമായി പിടികൂടി

Web Desk
|
24 Jan 2024 2:53 PM GMT

ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി അസമിൽ ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പൊലീസ് പിടികൂടി. അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിലെ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി പിടികൂടിയത്.

2022ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപം കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചശേഷം ഇയാൾ അസമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാൾ.

ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾഗ്രാമത്തിൽ നിന്നാണ് കളമശ്ശേരി പൊലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. മുമ്പ് പ്രതിയെ അന്വേഷിച്ചുപോയ പൊലീസ് സംഘത്തിന് ലോക്കൽ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ ഇയാളെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ജനുവരി ഒമ്പതിനാണ് അസമിലേക്ക് തിരിച്ചത്.


പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പൊലീസ് സംഘത്തിന് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞത്. പ്രതികൂല കാലാവസ്ഥയും ഭാഷാപ്രശ്നവും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിനിടെ ദിബ്രുഗഢ് മിലിറ്ററി ഇൻ്റലിജൻസിൻ്റെ സഹായത്താൽ അസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഢ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയത് അന്വേഷണത്തിന് ഏറെ ഗുണകരമായി. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ ഉടൻ തന്നെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെകർ പ്രദീപ് കുമാർ ജി, സബ് ഇൻ സ്പെക്ടർമാരായ വിനോജ് എ, സുബൈർ വി.എ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു വി.എസ്, ശ്രീജിത്ത്, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Similar Posts