Kerala
Marayur police station

മറയൂര്‍ പൊലീസ് സ്റ്റേഷന്‍

Kerala

മറയൂരിൽ പിടിയിലായ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു

Web Desk
|
22 Aug 2023 1:46 AM GMT

തമിഴ്നാട് തെങ്കാശി സ്വദേശി ബാലമുരുകൻ ആണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടത്

മറയൂര്‍: ഇടുക്കി മറയൂരിൽ പിടിയിലായ മോഷണ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു. തമിഴ്നാട് തെങ്കാശി സ്വദേശി ബാലമുരുകൻ ആണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. പ്രതിയെ തമിഴ്നാട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.

മോഷണക്കേസിൽ പിടിയിലായി റിമാൻഡിലായിരുന്ന ബാലമുരുകനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് പ്രതി രക്ഷപെട്ടത്. സ്വദേശമായ തെങ്കാശിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. മടക്കയാത്രക്കിടെ ദിണ്ഡുക്കൽ കോടൈ റോഡിൽ ടോൾ ഗേറ്റിന് സമീപത്തെത്തിയപ്പോൾ പ്രതി ശുചി മുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കൈവിലങ്ങഴിച്ച ശേഷം ശുചി മുറിയിൽ കയറി തിരികെയിറങ്ങിയ പ്രതി ഒപ്പമുണ്ടായിരുന്ന എസ്.ഐ.അശോക് കുമാറിനെ ആക്രമിച്ച് രക്ഷപെടുകയും ചെയ്തു. മറ്റ് പൊലീസുകാർ പിന്നാലെയെത്തിയെങ്കിലും പിടികൂടാനായില്ല.

തമിഴ്നാട്ടിൽ കൊലപാതകം, മോഷണം തുടങ്ങി 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ആഗസ്ത് 12നാണ് മോഷണശ്രമത്തിനിടെ ബാലമുരുകൻ ഉൾപ്പെട്ട നാലംഗ സംഘം മറയൂർ പൊലീസിൻ്റെ പിടിയിലാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മറയൂരിലെ നിരവധി വീടുകളിൽ സംഘം മോഷണം നടത്തിയിരുന്നു. തമിഴ്നാട് പൊലീസിൻ്റെ സഹകരണത്തോടെ കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘം പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts