മുളക് പൊടി സ്പ്രേ ചെയ്ത് മര്‍ദ്ദിച്ച് പണവും സ്വര്‍ണ്ണമാലയും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍
|25 സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മര്‍ദ്ദിച്ച് പണവും സ്വര്‍ണ്ണമാലയും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തില്‍ ഫസീല (35) യാണ് പിടിയിലായത്.
ഇന്നലെ പാലക്കാടുള്ള വീട്ടില്‍ നിന്നാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ഇവരെ പിടികൂടിയത്. രണ്ട് വര്‍ഷമായി തൃപ്പൂണിത്തുറയില്‍ ചിട്ടി സ്ഥാപന ഉടമയുടെ വീടിന് സമീപമുള്ള ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 25 സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്. നിരവധി ഓട്ടോ, ബസ് തൊഴിലാളികളോട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അക്രമത്തിന് ശേഷം ഓട്ടോറിക്ഷയില്‍ കണ്ണന്‍കുളങ്ങരയില്‍ വന്നിറങ്ങി പര്‍ദ്ധ അഴിച്ച് മാറ്റി ഓടുന്നതും തിരിച്ച് നടന്ന് വരുന്നതുള്‍പ്പെടെ സിസിടിവി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഫസീലയാണെന്ന് കണ്ടെത്തിയത്.
പ്രതി ഫസീല സുകുമാരന്റെ വീട്ടില്‍ സ്ഥിരം എത്തി ഭക്ഷണമുള്‍പ്പെടെ കഴിക്കുന്നത് പതിവായിരുന്നു. ഇയാളുടെ ചിട്ടി സ്ഥാപനത്തില്‍ മറ്റൊരാളുടെ പേരില്‍ നാല് ചിട്ടി ഫസീല ചേര്‍ന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടാതെ നിരവധി തവണ സ്ഥാപനത്തില്‍ വരികയും മൂന്ന് തവണ അക്രമം നടത്തിയ ക്യാബിനില്‍ ഇരിന്നിട്ടുള്ളതായും പറഞ്ഞു. കൂടാതെ നിരവധി മോഷണക്കേസിലും പ്രതിയാണ്. പാലക്കാട് ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമത്തിന് കോടതി കഠിന തടവിന് ശിക്ഷിച്ചിട്ടുണ്ട് ഫസീലയെ.
കഴിഞ്ഞ 21 ബുധനാഴ്ച രാവിലെ 9.30 യോടെ തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്‍ഡില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സാന്‍ പ്രീമിയര്‍ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലാണ് നഗരത്തെ നടുക്കി പിടിച്ചുപറി നടത്തിയത്.
യണ്‍സ് ക്ലബ് റോഡില്‍ കീഴത്ത് വീട്ടില്‍ കെ.എന്‍ സുകുമാരമേനോന് (75)നെയാണ് പര്‍ദ്ദ ധരിച്ച് വന്ന് ആക്രമിച്ച് കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും ലോക്കറ്റും ഉള്‍പ്പടെ മൂന്ന് പവനും, പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നു കളഞ്ഞത്. രാവിലെ 9.20ന് സ്ഥാപനം തുറന്ന് ഇരിക്കുമ്പോള്‍ പര്‍ദ്ദ ധരിച്ച് എത്തിയ ആള് സുകുമാരമേനോന്റെ മുഖത്തേക്ക് സോസും മുളകുപൊടിയും കലര്‍ത്തി കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതം നിമിഷ നേരം കൊണ്ട് ഒഴിച്ച് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണവും സ്വര്‍ണ്ണവുമായി രക്ഷപ്പെടുകയായിരുന്നു.
സംഭവ ദിവസം വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കമ്മീഷണര്‍ ശ്യാം സുന്ദര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സുദര്ശന് ഐപിഎസ്, തൃക്കാക്കര എ.സി.പി വര്‍ഗീസ്, ഹില്‍പാലസ് പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ആനന്ദ് ബാബു, എസ്.ഐമാരായ ടോള്‍സണ്‍ ജോസഫ്, രേഷ്മ, എ.എസ്.ഐ രഞ്ജിത്ത് ലാല്‍, പോള്‍ മൈക്കിള്‍, ബൈജു കെ.എസ്, ബിന്ദു, സി.പി.ഒ അന്‍സാര്‍, പാലാക്കാട് ഡാന്‍സാഫ് അംഗങ്ങളായ ഷാഫി, ഷെഫീഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.