കോളജ് ഓഫിസിൽ കയറി പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ നടപടി അപലപനീയം: കെ.പി.സി.ടി.എ
|‘ക്രിമിനൽ വാസനയുള്ള വിദ്യാർഥി സംഘടനയെ നിലയ്ക്ക് നിർത്താൻ കഴിയാത്ത ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം’
തിരുവനന്തപുരം: കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ ആക്രമിക്കുകയും നെഞ്ചിൽ അടുപ്പുകൂട്ടുമെന്ന് ആക്രോശിക്കുകയും ചെയ്ത എസ്.എഫ്.ഐ നിലപാട് സംസ്കാര ശൂന്യവും അപലപനീയവുമാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമിതി. പ്രിൻസിപ്പലിന്റെ കാല് തല്ലിയൊടിക്കുമെന്ന എസ്.എഫ്.ഐ നേതാവിന്റെ പരാമർശം ഇടതുപക്ഷമെന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ തെളിവാണ്.
ക്രിമിനൽ വാസനയുള്ള അണികളെ നിലയ്ക്കുനിർത്താൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിനെ ആക്രമിച്ച്, അധിക്ഷേപിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന എസ്.എഫ്.ഐ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
ധാർഷ്ട്യവും അഹങ്കാരവും ഒരുപരിധിയിൽ കൂടുതൽ കേരള സമൂഹം അംഗീകരിക്കില്ല. ഇടതുപക്ഷ ഫാഷിസ്റ്റ് ആക്രമണത്തിന് ഇരയാകുന്ന അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകാൻ കെ.പി.സി.ടി.എ തയ്യാറാണ്. സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, റോണി ജോർജ്, ഡോ. ബിജു ജോൺ, ഡോ. എ. എബ്രഹാം, ഡോ. ഉമർ ഫറൂഖ്, ഡോ. ജോപ്രസാദ് മാത്യു എന്നിവർ സംസാരിച്ചു.