Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി വീണ്ടും ബാർ കൗൺസിലിനെ സമീപിച്ചു
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി വീണ്ടും ബാർ കൗൺസിലിനെ സമീപിച്ചു

Web Desk
|
4 April 2022 12:23 PM GMT

അഡ്വ.ബി രാമൻപിള്ള ഉൾപടെയുള്ളവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്

നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി വീണ്ടും ബാർ കൗൺസിലിനെ സമീപിച്ചു. നേരത്തെ നൽകിയ പരാതിയിലെ പിഴവുകൾ പരിഹരിച്ചാണ് അപേക്ഷ നൽകിയത്. അഡ്വ.ബി രാമൻപിള്ള ഉൾപടെയുള്ളവർക്കെതിരെ നടപടി വേണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.

പ്രധാനമായും കേസിലെ എട്ടാം പ്രതിയായ ദിലീപിനു വേണ്ടി അഭിഭാഷകർ നടത്തുന്നത് തികച്ചും നിയമവിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ് എന്നാരോപിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. ബി രാമൻ പിള്ള അടക്കമുള്ളവർക്ക് മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അപേക്ഷിൽ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ നൽകിയ പരാതിയിൽ സാങ്കേതികപരമായ പിഴവുകൾ ഉണ്ടെന്ന് കാണിച്ച് ബാർകൗൺസിൽ മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് പിഴവുകൾ തിരുത്തി നടി വീണ്ടും ബാർകൗൺസിലിനെ സമീപിച്ചത്.

കൂടാതെ പ്രോസിക്യൂഷൻ സാക്ഷിയായ ജിൻസൺ എന്നയാളെ സ്വാധീനിക്കുന്നതിനായി ക്രിമിനൽ കേസുകളിൽ പ്രതിയായ നാസർ എന്നയാളെ രാമൻപിള്ള നേരിട്ടും ഫോൺ മുഖേനയും ബന്ധപ്പെട്ടു എന്നും ജിൻസന് അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയും നൽകുകയും ഇതുമായി ബന്ധപ്പെട്ട് ഒരു കേസും നില നിൽക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രാമൻപിള്ളക്ക് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിനെതിരെ അദ്ദേഹം അഭിഭാഷക സംഘടനകളെ മുന്നിൽ നിർത്തി ശ്രമം നടത്തുകയാണെന്നും തുടങ്ങിയ കാര്യങ്ങളും നടി ഉന്നയിക്കുന്നുണ്ട്.

അതേസമയം വധ ഗൂഢാലോചന കേസിൽ മുൻ ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ വിൻസെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് ചോദ്യം ചെയ്തത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

Similar Posts