Kerala
ജൂൺ മാസത്തെ ഭക്ഷണത്തിന്റെ തുക ഇനിയും ലഭിച്ചില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ
Kerala

'ജൂൺ മാസത്തെ ഭക്ഷണത്തിന്റെ തുക ഇനിയും ലഭിച്ചില്ല'; സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ

Web Desk
|
21 July 2022 1:08 PM GMT

സ്‌കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി

കണ്ണൂർ: സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണവിതരണ പദ്ധതി പ്രതിസന്ധിയിൽ. ജൂൺ മാസത്തിൽ ഉച്ച ഭക്ഷണത്തിനായി ചെലവഴിച്ച തുക ഇതുവരെ നൽകിയില്ല. പണം കിട്ടാൻ ഇനിയും വൈകിയാൽ ഭക്ഷണ വിതരണം നിലക്കും. ഇതോടെ സ്‌കൂളിലെ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.

സപ്ലെകോ വഴി സർക്കാർ സ്‌കൂളുകൾക്ക് നൽകുന്നത് അരി മാത്രമാണ്. പച്ചക്കറി, പലവ്യഞ്ജനം, പാചക വാതകം തുടങ്ങി മറ്റ് ചെലവുകൾ എല്ലാം ആദ്യം വഹിക്കണ്ടത് സ്‌കൂൾ അധികൃതരോ പിടിഎയോ ആണ്. ആഴ്ചയിൽ രണ്ട് തവണ നൽകുന്ന 150 ഗ്രാം വീതമുള്ള പാലിന്റെയും ഒരു മുട്ടയുടെയും വില കൂടി ആകുമ്പോൾ ബാധ്യത വലുതാകും. എന്നാൽ സ്‌കൂൾ തുറന്ന് മാസം ഒന്ന് കഴിഞ്ഞിട്ടും ഉച്ച ഭക്ഷണം വിതണം ചെയ്തതിന്റെ തുക ലഭിച്ചിട്ടില്ല. ഇതോടെ ഇനി സ്‌കൂളുകളിലേക്ക് സാധനങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.

ഉച്ച ഭക്ഷണ പദ്ധതിക്കായി 567.64 കോടി രൂപ അനുവദിച്ചതായി സർക്കാർ പറയുമ്പോഴും ഈ തുക ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി കിടക്കുകയാണ്. പ്രതിദിനം 600 രൂപ നിരക്കിലാണ് ഇവരുടെ വേതനം. സ്‌കൂൾ പൂട്ടുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ നൽകുന്ന 2000 രൂപ വീതമുള്ള അലവൻസും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഫണ്ട് വിതരണം ഇനിയും നീണ്ടാൽ സ്‌കൂളുകളിലെ ഉച്ച ഭക്ഷണ വിതരണം നിലക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.


Similar Posts