ഡ്രൈവിങ് ടെസ്റ്റിനിടെ ലൈംഗികാതിക്രമം; വെഹിക്കിൾ ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
|പ്രോസിക്യൂഷൻ വാദം പരിഗണിച്ച കോടതി കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹരജി തള്ളുകയായിരുന്നു.
പത്തനാപുരം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയുടേതാണ് നടപടി.
പത്തനാപുരം സബ് റീജ്യണൽ ഓഫീസിലെ ഇൻസ്‌പെക്ടറും കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കൊല്ലം മുളവന സ്വദേശി എ.എസ് വിനോദിന്റെ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
സമാനമായ കുറ്റകൃത്യം പ്രതി മുമ്പും ചെയ്തിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ച കോടതി കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹരജി തള്ളുകയായിരുന്നു.
സംഭവത്തിൽ ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എച്ച്. അൻസാരി, കൊട്ടാരക്കര ജോ. ആർ.ടി.ഒ. റീജ, തിരുവനന്തപുരം സൗത്ത് സോൺ ഡി.ടി.സി. ഓഫീസിലെ ജോ. ആർ.ടി.ഒ. എസ്. സ്വപ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷസംഘം യുവതിയുടെ മൊഴിയെടുത്തിരുന്നു.
ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നടപടി. വിനോദിനെതിരെ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.