പത്തു വര്‍ഷം പോലും പഴക്കമില്ല; മോൻസന്‍റെ കൈവശമുള്ള വസ്തുക്കൾ വ്യാജമെന്ന് പുരാവസ്തു വകുപ്പ്
|ഇതിന്‍റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി
മോൻസന്‍റെ കൈവശമുള്ള വസ്തുക്കൾ വ്യാജമെന്ന് സ്ഥിരീകരിച്ച് പുരാവസ്തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും. ഇതിന്‍റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി.
മോൻസണ്‍ കലൂരിലെ വാടകവീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ പുരാവസ്തുക്കൾ തന്നെ ആണോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇന്നലെ പരിശോധന നടത്തിയിരുന്നു. പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. വിശദമായ പരിശോധനയിൽ പുരാവസ്തുക്കൾ എന്നപേരിൽ പ്രദർശിപ്പിച്ചിരുന്നവ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. ഇവയ്ക്ക് പത്തു വർഷത്തെ കാലപ്പഴക്കം പോലുമില്ല എന്നാണ് കണ്ടെത്തൽ.
ഇക്കാര്യം വ്യക്തമാക്കി പുരാവസ്തു വകുപ്പും ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി. പുരാവസ്തുക്കളിൽ ചിലത് ഖത്തറിൽ വിൽപ്പന നടത്തിയെന്ന് മോൻസൺ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. കേരളത്തിലെ ചില ഇടനിലക്കാർ വഴിയാണ് വിൽപന നടത്തിയത് എന്നാണ് മൊഴി. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
വസ്തുക്കൾ വാങ്ങിയ ഇടനിലക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പരാതിക്കാരായ അനൂപും ഷമീറും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കൂടുതൽ തെളിവുകൾ കൈമാറി.