'നേതാക്കളുടെ ധാർഷ്ട്യം തോൽവിക്ക് കാരണമായി, പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി'; സി.പി.എം കേന്ദ്രകമ്മിറ്റി
|കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് പരാമർശമുള്ളത്
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം നേതാക്കളുടെ ധാർഷ്ട്യമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കളുടെയും ,പാർട്ടി അണികളുടെയും പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും ഇതിൽ മാറ്റം വരുത്തണമെന്നും കേന്ദ്ര കമ്മിറ്റി വിമർശനമുന്നയിച്ചു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് പരാമർശമുള്ളത്.
കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി ബി അംഗം എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് വിജയരാഘവൻ വിമർശനമുന്നയിച്ചത്.
സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും കഴിഞ്ഞ ദിവസം പറഞ്ഞു. ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്. അടിത്തറ വോട്ടുകൾ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ ഐസക് കുറിച്ചു.