പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
|ഇന്ന് സഭയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിആർഡി നൽകിയ ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങൾ നൽകിയതുമില്ല.
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നത്തെ നിയസഭ പിരിഞ്ഞു. സഭ വിട്ട് പുറത്തിറങ്ങിയ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചു. 'രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചത് കാടത്തം' എന്ന ബാനറുമായാണ് പുറത്തേക്ക് വന്നത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടക്കത്തിൽ തന്നെ സഭ നിർത്തിവെച്ചിരുന്നു. ചോദ്യോത്തരവേള പൂർണമായും ഒഴിവാക്കി. സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടരുകയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംഎൽഎമാരിൽ പലരുമെത്തിയത്.
രാവിലെ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സഭ ടിവി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭ്യമായത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങൾക്ക് നൽകിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി ഗോവിന്ദന്റെയും സ്പീക്കർ എംബി രാജേഷിന്റെയും ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി മാധ്യമങ്ങൾക്ക് നൽകിയത്.